17 September 2012

SANKARASRAMAM


നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമ:
ഓംകാരമായ പൊരുള് മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു താന് തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമ:
ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല് ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന് നിന് കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമ:
ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമ:
അര്ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള് താനെന്നുറയ്ക്കുമള-
വാനന്ദമെന്തു, ഹരി നാരായണായ നമ:
മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില് ചിലതു കണ്ടിങ്ങുണര്ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമ:
ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:
ഞാനെന്നുമീശ്വരനിതെന്നും വളര്ന്നളവു
ജ്ഞാനദ്വയങ്ങള് പലതുണ്ടാവതിന്നു ബത-
മോഹം നിമിത്തമതു പോകും പ്രകാരമിതു
ചേതസ്സിലാക മമ നാരായണായ നമ:
യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേള്പ്പതതു നാരായണശ്രുതികള്
യാതൊന്നു ചെയ്വതതു നാരായണാര്ച്ചനകള്
യാതൊന്നതൊക്കെ ഹരി നാരായണായ നമ:
മദമത്സരാദികള് മനസ്സില് തൊടാതെ ദിന-
മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്ക്കതാനിതൊരു മൊഴി താന് പഠിപ്പവനും
പതിയാ ഭാവംബുധിയില് നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമ:

No comments:

Post a Comment