30 April 2013

SANKARASRAMAM


ഇല്ലത്തെ ശിവഗുരുവിനും ഭാര്യ ആര്യാംബയ്ക്കും പരമശിവന്റെ കാരുണ്യത്താല്‍ ലഭിച്ച സന്താനമായിരുന്നു ശ്രീശങ്കരന്‍. എ.ഡി 788ലെ മേടമാസത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശങ്കരന്‌ മൂന്നു വയസുള്ളപ്പോള്‍ അച്‌ഛന്‍ മരണപ്പെട്ടു. അഞ്ചാം വയസ്സില്‍ ഉപനയനം കഴിഞ്ഞ്‌ ഗുരുകുലത്തില്‍ പഠനം തുടങ്ങിയ ശങ്കരന്‍ കുറഞ്ഞകാലംകൊണ്ട്‌ വേദശാസ്‌ത്രങ്ങള്‍ ഹൃദിസ്‌ഥമാക്കി. 

ശീശങ്കരന്‍ സന്യാസം സ്വീകരിക്കുന്നതില്‍ അമ്മയ്ക്ക്‌ വിയോജിപ്പുണ്ടായിരുന്നു. ഒരു ദിവസം നദിയില്‍ കുളിക്കാനിറങ്ങിയ അദ്ദേഹത്തെ മുതല പിടിച്ചു. സന്യസിക്കാന്‍ അനുവദിച്ചാല്‍ മുതല വിടുമെന്ന്‌ ശങ്കരന്‍ അമ്മയോടു പറഞ്ഞു. മറ്റു നിവൃത്തിയില്ലാതെ അമ്മ സമ്മതിച്ചു. സന്യസ്‌തോഹം ചൊല്ലിയപ്പോള്‍ മുതല പിടിവിട്ടു ഈ  സ്‌ഥലം ഇപ്പോള്‍  ‘മുതലക്കടവ്‌‘ എന്നാണറിയപ്പെടുന്നത്‌. 

ബഹ്‌മചര്യവ്രതത്തില്‍ ഭിക്ഷയ്ക്കുപോയ ശങ്കരന്‌ ഒരു വീട്ടില്‍നിന്ന്‌ നെല്ലിക്ക ദക്ഷിണയായി കിട്ടിയ കഥയുണ്ട്‌. ദാരിദ്ര്യം നിറഞ്ഞ ആ കുടുംബത്തെ രക്ഷിക്കാന്‍ കനകാധാരാ സ്‌തോത്രം ചൊല്ലി സ്വര്‍ണനെല്ലിക്ക വര്‍ഷിച്ചതും അമ്മയ്ക്ക്‌ നിത്യസ്‌നാനത്തിനുവേണ്ടി പൂര്‍ണാനദി (പെരിയാര്‍) ഗതിമാറ്റിയൊഴുക്കിയതും പ്രസിദ്ധമാണ്‌.എട്ടാം വയസ്സില്‍ ഗുരുവിനെ തേടിയിറങ്ങിയ ശങ്കരന്‍ നര്‍മ്മദാതീരത്തുവച്ച്‌ വ്യാസപരമ്പരയിലെ ഗൌഡപാദാചാര്യരുടെ ശിഷ്യനായിരുന്ന ഗോവിന്ദഗുരുവിനെ കാണുകയും ശിഷ്യപ്പെടുകയും ചെയ്‌തു. നര്‍മ്മദാ നദിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അദ്ദേഹം പ്രളയജലത്തെ തന്‍െറ കമണ്ഡലുവില്‍ ആവാഹിച്ചെടുത്തതായി പറയപ്പെടുന്നു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കരയിലെത്തിയ ശങ്കരന്‍ ചണ്ഡാളരൂപത്തില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ വിശ്വനാഥനെ വണങ്ങുകയും തുടര്‍ന്ന്‌ ‘മനിഷാപഞ്ചകം‘ എന്ന കൃതി   രചിക്കുകയും ചെയ്‌തു. 

വാദപ്രതിവാദങ്ങളിലൂടെ തന്റെ  മേധാശക്‌തി തെളിയിച്ച  അദ്ദേഹം കാശിയിലെ പണ്ഡിതരുടെ മുഴുവന്‍ ആരാധനാപാത്രമായി. ബാലശങ്കരന്‍ ആചാര്യ സ്വാമികളാവുന്നത്‌ ഇവിടെവച്ചാണ്‌. ശിഷ്യരോടൊപ്പം യാത്രയാരംഭിച്ച ആചാര്യന്‍ വ്യഡതീര്‍ത്ഥത്തിലെത്തി പന്ത്രണ്ട്‌ ഉപനിഷത്തുകള്‍, ബ്രഹ്‌മസൂത്രം, ഭഗവദ്‌ഗീത, വിഷ്‌ണുസഹസ്രനാമം, സനന്‍ സുജാതീയം എന്നിങ്ങനെ പതിനാറ്‌ ഗ്രന്ഥങ്ങള്‍ക്ക്‌ ഭാഷ്യവ്യാഖ്യാനം രചിച്ചു. സാക്ഷാല്‍ വേദവ്യാസനുമായി സംവാദത്തിലേര്‍പ്പെട്ടതും ഉമിത്തീയില്‍ നീറിവെന്തുകൊണ്ടിരുന്ന കുമാരിലഭട്ടനെ സന്ദര്‍ശിച്ചതും മണ്ഡനമിത്രനെ വാദത്തില്‍ തോല്‍പിച്ച്‌ അദ്വൈതീയനാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്‌.  മണ്ഡനമിത്രന്റെ പത്നിയുമായി കാമശാസ്‌ത്രസംബന്ധമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ അദ്ദേഹം ‘പരകായപ്രവേശം നടത്തിയതായും പറയപ്പെടുന്നു.

അമ്മ മരണാസന്നയായപ്പോള്‍ കാലടിയിലെത്തി ശുശ്രൂഷിക്കുകയും സദ്‌ഗതി നേടിക്കൊടുക്കുകയും ചെയ്‌തു.  എന്നാല്‍ അമ്മയുടെ ശേഷക്രിയ ചെയ്യുവാന്‍ തന്നെ സഹായിക്കാത്ത കാലടിയിലെ ബ്രാഹ്‌മണരെ ശപിച്ചശേഷം എന്നെന്നേയ്ക്കുമായി അദ്ദേഹം കാലടിയോട്‌ വിടപറഞ്ഞു. കൃഷ്‌ണഗംഗയുടെയും മധുമതിയുടെയും സംഗമത്തിലെ ശാരദാക്ഷേത്രത്തിലാണ്‌ ആദിശങ്കരന്‍ സര്‍വജ്‌ ഞപീഠം കയറിയത്‌. നാലുശ്രേണികളിലെ പണ്ഡിതന്‍മാരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയശേഷം മാത്രമേ ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശനമുള്ളൂ. പിന്നീട്‌ സരസ്വതീദേവീ അദൃശ്യയായി ചോദിക്കുന്നതിന്‌ തൃപ്‌തികരമായ ഉത്തരം നല്‍കിയാല്‍ ദേവി ‘സര്‍വജ്‌ഞന്‍ സ്‌ഥാനം നല്‍കും. ന്യായ~വൈശേഷിക പണ്ഡിതന്മാരുടെയും സാംഖ്യ~ പാതഞ്‌ജല വിഭാഗക്കാരുടെയും ജൈന~ബുദ്ധ ആചാര്യന്മാരുടെയും, ജൈമിനീയ മീമാംസകരുടെയും  നാലു ഡറകളുടെയും അംഗീകാരം വാങ്ങി ആചാര്യന്‍ ശിഷ്യ സമേതം ക്ഷേത്രത്തിനകത്തുകടന്ന്‌ ദേവിയെ പ്രണമിച്ച്‌ കുണ്ഡത്തിലെ തീര്‍ത്ഥജലം സ്‌പര്‍ശിച്ചു.

അദ്വൈതസിദ്ധാന്തം പ്രചരിപ്പിക്കുന്നതിനായി ഭാരതത്തിന്റെ നാലു ദിക്കുകളിലുമായി നാലു മഠങ്ങള്‍ ആചാര്യന്‍ സ്‌ഥാപിച്ചു. നാലു ശിഷ്യന്മ ാരെ അവയുടെ അധിപരുമാക്കി. ഇവര്‍  ശങ്കരാചാര്യര്‍ എന്നറിയപ്പെടുന്നു. പരമഗുരുവിനെ അതിനാല്‍ ‘ആദിശങ്കരന്‍ എന്നു വിളിക്കുന്നു. മൈസൂരിലെ തുംഗഭദ്രാ നദീതീരത്ത്‌ ശൃംഗേരി മഠവും ദ്വാരകയില്‍ ശാരദാമഠവും ബദരിയില്‍ ജ്യോതിര്‍മഠവും ജഗന്നാഥപുരയില്‍്‌ ഗോവര്‍ദ്ധനമഠവുമാണ്‌ അദ്ദേഹം  സ്‌ഥാപിച്ചവ.  പരിശുദ്ധനും ജിതേന്ദ്രിയനും വേദവേദാന്തങ്ങള്‍ തുടങ്ങി സര്‍വ്വശാസ്‌ത്രങ്ങളിലും നിഷ്‌ണാതനും യോഗനിഷ്‌ഠനും ആയ ആള്‍ക്കാരായിരിക്കണം മഠാധിപന്‍മാര്‍ എന്ന്‌ അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു.

മൂന്നു ഭാരത പര്യടനം നടത്തിയ ആചാര്യന്‍ കേദാര്‍നാഥ്‌ ക്ഷേത്രത്തിനടുത്ത്‌ താമസിക്കുമ്പോള്‍ ദേഹത്യാഗസങ്കല്‍പ്പം ഉദിച്ചു. ശിഷ്യന്മ ാര്‍ക്ക്‌ അന്തിമോപദേശം നല്‍കി തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ ആ മഹായോഗി സമാധിയില്‍ ലീനനായി ബ്രഹ്‌മസ്വരൂപത്തില്‍ ലയിച്ചു. പരമശിവന്റെ അവതാരമെന്ന്‌  പലരും വിശേഷിപ്പിക്കുന്ന ശ്രീശങ്കരന്‍ കേദാര്‍നാഥില്‍നിന്ന്‌ കൈലാസത്തിലേക്ക്‌ അന്തര്‍ധാനം ചെയ്‌തു.
--

1 comment: