25 February 2012

SANKARASRAMAM

ഗീതാദര്‍ശനം - 2

സഞ്ജയ ഉവാച:-

ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്

സഞ്ജയന്‍ പറഞ്ഞു:

വ്യൂഹം ചമച്ച് അണിനിരന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍ രാജഭാവത്തോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-
ദുര്യോധനന്‍, യജമാനഭാവത്തോടെ, തന്റെ ആചാര്യനെ കാര്യങ്ങള്‍ 'പഠിപ്പിക്കാന്‍' തുടങ്ങുകയാണ്. ഇളന്തലയില്‍നിന്ന് കാതലോട്ടം! ദ്രോണരെന്നല്ല ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു നര്‍മമുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിച്ച ആചാര്യബുദ്ധിക്ക് ആ തിന്മയ്ക്ക് കീഴൊതുങ്ങേണ്ടിവരുമെന്നല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം ചെവിക്കൊള്ളേണ്ടിയും വരും!
ദ്രോണാചാര്യരെയും ഭീഷ്മപിതാമഹനെയുമെല്ലാം തിന്മ അതിന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത് കാണുക എന്ന് വ്യാസനര്‍മം നീളുന്നു. ഇവരെല്ലാം, നിലവിലുള്ള നാട്ടുനടപ്പിന്റെ പേരിലാണ് തിന്മയുടെ ഭാഗത്ത് നില്‍ക്കുന്നത്. തെറ്റാണെന്ന അറിവോടെ അവര്‍ എടുത്ത നിലപാടിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിച്ചു തുടങ്ങുന്നതിന്റെ സൂചനകൂടിയാണ് ദുര്യോധനന്റെ ഈ ആചാര്യനിന്ദ. ദുര്യോധനന്റെ ഇനിയുള്ള വാക്കുകള്‍ കേട്ടാല്‍ അയാളാണ് ആചാര്യന്‍ എന്നേ തോന്നൂ! - കഥയില്ലായ്മയുടെ ശൈലിയായ അഹങ്കാരം!

ഓരോ മൂലകവും പ്രകമ്പിതമാകുമ്പോള്‍ തനതായ തരംഗനീളത്തില്‍ ഊര്‍ജം പ്രസരിപ്പിക്കുന്നപോലെ ഓരോ ജീവിയും വിക്ഷുബ്ധമാകുമ്പോള്‍ തനതുഭാവം പ്രകടിപ്പിക്കുന്നു. എല്ലാ യുദ്ധഭൂമികളിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതുതന്നെ!


പശൈ്യതാം പാണ്ഡുപുത്രാണാ-

മാചാര്യ മഹതീം ചമൂം
വ്യൂഢം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ

ആചാര്യ, അങ്ങയുടെ ബുദ്ധിമാനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്‌നന്‍ ഒരുക്കിയ മഹത്തായ പാണ്ഡവ സൈന്യവ്യൂഹത്തെ കാണുക.

ദുര്യോധനന്‍ ശകാരം തുടരുന്നു. അതോടൊപ്പം, ദ്രോണരുടെ മനസ്സ് ചീത്തയാക്കാനുള്ള പുറപ്പാടുമുണ്ട്. വിദ്വേഷം ഊതിക്കത്തിക്കുന്നു. ദ്രുപദനും പുത്രനും ദ്രോണരുടെ ബദ്ധശത്രുക്കളാണ്. ദ്രുപദപുത്രനെ ബുദ്ധിമാനെന്ന് വിശേഷിപ്പിക്കുന്നത് കാണുക. അയാള്‍ ഒരുക്കിയ സേനാവ്യൂഹം 'മഹത്തു'മാണ്. കൊല്ലാന്‍ മുന്നില്‍ വന്നുനില്ക്കുന്നത് സ്വന്തം ശിഷ്യനും ആജന്മശത്രുവുമാണ് എന്ന് ദ്രോണര്‍ക്ക് കണ്ടാലറിയാമെന്നിരിക്കെ ഈ ഓര്‍മിപ്പിക്കല്‍ ആക്ഷേപഹാസ്യവും 'ഇഞ്ചിമൂപ്പിക്കലും' അല്ലെങ്കില്‍ മറ്റെന്താകാന്‍?

No comments:

Post a Comment